---
title: "വടകര ഗവ: ആശുപത്രിയിൽ ഡോക്ടർമാരെ  നിയമിക്കണമെന്ന് കെ.കെ രമ എം.എൽ.എ"
english_title: "KK Rema MLA wanted Vadakara Govt Hospital to appoint doctors "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32173/KK Rema MLA wanted Vadakara Govt Hospital to appoint doctors "
published_at: "2022-03-16T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623204fbf3a19_govt hospital kk rema .jpg"
keywords: []
---

# വടകര ഗവ: ആശുപത്രിയിൽ ഡോക്ടർമാരെ  നിയമിക്കണമെന്ന് കെ.കെ രമ എം.എൽ.എ

> **Lead Summary:** വടകര: വടകര ഗവ: ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയുടെപോലും സ്റ്റാഫ് പാറ്റേണ്‍ ഇല്ലാതെയാണ് വടകര ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വിവിധ വകുപ്പുകളും പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഇതിനാവശ്യമായ ഡോക്ടര്‍മാരില്ലെന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജിന് കെ.കെ രമ എം.എല്‍.എ നിവേദനം നല്‍കി.

## Article Content

വടകര: വടകര ഗവ: ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയുടെപോലും സ്റ്റാഫ് പാറ്റേണ്‍ ഇല്ലാതെയാണ് വടകര ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വിവിധ വകുപ്പുകളും പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഇതിനാവശ്യമായ ഡോക്ടര്‍മാരില്ലെന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജിന് കെ.കെ രമ എം.എല്‍.എ നിവേദനം നല്‍കി.

ഒഫ്താല്‍മോളജി, നെഫ്രോളജി വിഭാഗങ്ങളില്‍ അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്ന് കത്തില്‍ പറയുന്നു. നാല് ഓര്‍ത്തോ തസ്തികകളുള്ളതില്‍ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇതിലും അടിയന്തിരമായി നിയമനം നടത്തണം.

ദിവസേന നിരവധി പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നതിനാല്‍ ഫോറന്‍സിക് സര്‍ജന്റെ തസ്തിക ഉടന്‍ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 10ന് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് ഇന്നേവരെ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് കെ.കെ രമ ചൂണ്ടിക്കാട്ടി.

താലൂക്കിന്റെ കിഴക്കന്‍ മേഖലകളിലടക്കമുള്ള നൂറുകണക്കിന് ജനങ്ങളുടെ ഏക ആശ്രയമായ ആശുപത്രിയുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടൊപ്പം ചികിത്സ സൗകര്യങ്ങളും വര്‍ധിക്കേണ്ടത് അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32173/KK Rema MLA wanted Vadakara Govt Hospital to appoint doctors )